05:26am 16 November 2026
NEWS
ഖത്തർ കെ.എം.സി.സി ഓഫീസിലെ വൻ കവർച്ച: 'വേലി തന്നെ വിളവ് തിന്നതായി' ആരോപണം: കവർന്നത് 8 കോടി രൂപയാണെന്നും, അതല്ല 25 കോടി രൂപയാണെന്നും
15/11/2026  10:57 AM IST
നെല്ലിക്കുത്ത് ഹനീഫ
ഖത്തർ കെ.എം.സി.സി  ഓഫീസിലെ വൻ കവർച്ച: വേലി തന്നെ വിളവ് തിന്നതായി ആരോപണം: കവർന്നത് 8 കോടി രൂപയാണെന്നും, അതല്ല 25 കോടി രൂപയാണെന്നും

മലയാളി പ്രവാസികൾക്കിടയിലും, കേരള രാഷ്ട്രീയത്തിലും വൻ അലയൊലികൾ ഉണ്ടാക്കിയ കോടിക്കണക്കിന് രൂപാ അടിച്ചെടുത്ത വൻ കവർച്ച. ഖത്തറിലും, നാട്ടിലും പോലീസ് അന്വേഷണം. ഫലം നാസ്തി. ഒടുവിൽ, കവർച്ച നടത്തിയവർ തമ്മിൽ വീതം വയ്പ്പിനെ തുടർന്നുണ്ടായ തർക്കം മൂത്ത് അവർ തന്നെ എല്ലാം വെളിവാക്കി. തുടർന്ന് ഒരാൾ റിമാന്റിലാവുകയും, പ്രതികളെന്ന് പറയുന്ന മറ്റ് 5 പേർ ഒളിവിൽ പോയി മുൻകൂർ ജാമ്യത്തിനുള്ള പരിശ്രമത്തിലുമാണ്. അന്വേഷണം തുടരുന്ന കൊയിലാണ്ടി പോലീസ് പല നിലയ്ക്കും ആശയക്കുഴപ്പത്തിലാണിപ്പോൾ. കവർച്ചയിൽ പ്രധാന പങ്കാളിത്തം വഹിച്ച പ്രതികളിലൊരാൾ പോലീസിൽ കീഴടങ്ങി മൊഴി നൽകിയെങ്കിലും, മറ്റ് പ്രതികളുടേതെന്ന് കരുതുന്ന ശബ്ദസന്ദേശങ്ങളാണ് പോലീസിന് ആശയക്കുഴപ്പമുണ്ടാക്കുന്നത്. 8 കോടി രൂപയാണ് കവർച്ച നടത്തിയതെന്ന് പ്രതികളിലൊരാൾ പറയുമ്പോൾ, യഥാർത്ഥ കവർച്ചാ മുതൽ 25 കോടി രൂപയാണെന്ന് ഒളിവിലുള്ള പ്രതികളും വ്യക്തമാക്കുന്നു. 

പ്രവാസി മലയാളി സമൂഹത്തെ ഒന്നാകെ ഞെട്ടിച്ച ഈ വൻ കവർച്ച അതിശയകരവും, അതേസമയം രസകരവുമാണ്. 2025 സെപ്റ്റംബർ 18-ന് ഖത്തർ- അൽതുമാമയിൽ പ്രവർത്തിക്കുന്ന കെ.എം.സി.സി ഓഫീസിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ഒരു വർഷമായി ഈ കവർച്ചയുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിനുള്ളിലും, കെ.എം.സി.സിയിലും വലിയ തോതിൽ അഭിപ്രായ ഭിന്നതകളും, വാഗ്വദങ്ങളും നിരന്തരം അരങ്ങേറിയിരുന്നു. തത്ഫലമായി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംഘടനയിൽ ചില തിരുത്തൽ നടപടികൾ ഉണ്ടാകുമെന്ന് ലീഗ് നേതൃത്വം നൽകിയ ഉറപ്പ് പാലിക്കപ്പെടാത്തതിനാൽ അസ്വാരസ്യങ്ങൾ രൂക്ഷമായി തുടർന്നു. ഇത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ശക്തമായ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ നാസിഫ്, ഗഫൂർ എന്നിവരേയും മറ്റ് ചിലരേയും കെ.എം.സി.സി യിൽ നിന്ന് പുറത്താക്കിയിരുന്നു. സംഘടനയുടെ നേതൃത്വത്തിൽ ഒരു വിഭാഗത്തിന്റെ അറിവോടെയാണ് കവർച്ചാനാടകം നടന്നതെന്നായിരുന്നു ഇവരുടെ ആരോപണം. കോഴിക്കോട്-കൊയിലാണ്ടിയിലെ പ്രാദേശിക ബി.ജെ.പി നേതാവായ പരപ്പിൽ ബാലകൃഷ്ണൻ തീർത്തും നാടകീയമായി കൊയിലാണ്ടി പോലീസിൽ കീഴടങ്ങിയതോടെയാണ് സംഭവത്തിന് വഴിത്തിരിവുണ്ടാകുന്നത്. നാദാപുരം കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു.

'ലോക്കർ വിസ'യും കവർച്ചയും

ഖത്തറിലെ കെ.എം.സി.സി ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന പണം കവർച്ച ചെയ്യാനായിട്ട് മാത്രം വിസ ഏർപ്പാടാക്കി നാട്ടിൽ നിന്ന് ഏതാനും പേരെ അവിടെ എത്തിക്കുകയായിരുന്നു എന്നാണ് പുറത്ത് വന്ന വിവരം. ഈ വിഷയത്തെ അധികരിച്ച് സോഷ്യൽ മീഡിയായിൽ ധാരാളം ട്രോളുകളും വന്നു കൊണ്ടിരിക്കുന്നുണ്ട്. 'ഫ്രീവിസ, കോൺട്രാക്ട് വിസ' എന്നീ പ്രയോഗങ്ങൾ പോലെ, 'ലോക്കർ വിസ'യും പ്രയോഗത്തിൽ വന്നിരിക്കുകയാണ്. ഇപ്രകാരം 'ലോക്കർ വിസ'യിൽ ഖത്തറിലെത്തി, കവർച്ചയ്ക്ക് ശേഷം നാട്ടിലെത്തിയ, ബാലകൃഷ്ണൻ പോലീസിൽ കീഴങ്ങിയതോടെ, കൊയിലാണ്ടി പോലീസ് നിലവിൽ ആറ് പേർക്കെതിരേയാണ് കേസ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബാലകൃഷ്ണനെ കൂടാതെ ബോംബെ ഷാജി, റാഷിദ് പയ്യോളി, സ്വാലിഹ്, ബാവ, ഹസ്സൻ, നിസാർ എന്നിവരാണ് മറ്റ് പ്രതികൾ. എല്ലാവരും ഒളിവിലാണ്. പോലീസിൽ കീഴടങ്ങിയ ബാലകൃഷ്ണൻ നൽകിയ മൊഴി ഇപ്രകാരമാണ്. വെൽഡിംഗ് ജോലി അറിയാവുന്ന തന്നെ ബോംബെ ഷാജി എന്നറിയപ്പെടുന്ന ആൾ സമീപിച്ച്, ഖത്തറിൽ ജോലിയുണ്ടെന്നും, അവിടേയ്ക്ക് വരാൻ താത്പ്പര്യമുണ്ടോ എന്ന് ആരാഞ്ഞതായും, താനത് സമ്മതിച്ചതായും പറയുന്നു. 

അതും പ്രകാരം കുറച്ച് നാൾ കഴിഞ്ഞ് റാഷിദ് എന്നയാൾ താനുമായി ബന്ധപ്പെട്ട് വിസയും, ടിക്കറ്റും ശരിയാക്കി തന്നതായും ബാലകൃഷ്ണൻ പറയുന്നു. അങ്ങനെ ബാലകൃഷ്ണൻ 2025 സെപ്റ്റംബറിൽ ഖത്തറിലെത്തി. സംഘത്തിലെ മറ്റ് മൂന്ന് പേരും കൂട്ടത്തിലുണ്ടായിരുന്നു. ഷാജിയും, സംഘവും ഒരു വില്ലയിലും തന്നെ മറ്റൊരു ലോഡ്ജിലും താമസിപ്പിക്കുകയും, സ്വതന്ത്രമായി സഞ്ചരിക്കുന്നത് വിലക്കുകയും ചെയ്തതായും ബാലകൃഷ്ണൻ പറയുന്നു. റസാക്ക് എന്നയാൾ ഒരു ദിവസം പുലർച്ചെ നാല് മണിക്ക് ജോലിക്കെന്ന് പറഞ്ഞ് കെ.എം.സി.സി ഓഫിസിലെത്തിച്ചു. ഷാജി, റാഷിദ്, സാലിഹ് എന്നിവരുമുണ്ടായിരുന്നു. പണം സൂക്ഷിക്കുന്ന ലോക്കറിന്റെ താക്കോൽ, ഉടമസ്ഥനായ അറബിയിൽ നിന്ന് നഷ്ടപ്പെട്ടതിനാൽ, അത് പൊളിച്ച് നൽകാൻ തന്നോട് ആവശ്യപ്പെട്ടു.

 'കമറു' എന്ന് വിളിക്കപ്പെടുന്ന ഒരാളാണ് കാര്യങ്ങൾക്കെല്ലാം നേതൃത്വം നൽകിയത്. കെ.എം.സി.സി ആസ്ഥാന ഓഫീസിൽ അതിക്രമിച്ച് കേറി, അവിടുത്തെ  ജീവനക്കാരനെ സംഘം ആദ്യമേ ബന്ദിയാക്കിയിരുന്നു. ഓഫീസിലെ ശുചിമുറിക്ക് സമീപത്തായി നിർമ്മിച്ച രഹസ്യമുറിയിലെ സ്റ്റീൽ ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് താൻ തകർത്തു. അതിനുള്ളിലുണ്ടായിരുന്ന പണം മുഴുവൻ ബോംബെ ഷാജി കയ്യിൽ കരുതിയിരുന്ന ബാഗിൽ കുത്തി നിറച്ച ശേഷം എല്ലാവരും അവിടെ നിന്ന് തിരിച്ച് പോരുകയും ചെയ്തു. 2025 സെപ്റ്റംബർ 18-നായിരുന്നു ഈ സംഭവം. പിന്നീട് അമ്പതിനായിരം രൂപയും, കോഴിക്കോട്ടേക്കുള്ള വിമാന ടിക്കറ്റും  നൽകി ബോംബെ ഷാജി തന്നോട് നാട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടതായും, നാട്ടിലെത്തിയ ശേഷം ഒന്നര ലക്ഷം രൂപ കൂടി ബാവ എന്നയാൾ നൽകിയതായും, ബാവ തിക്കോടി കടപ്പുറത്ത് മത്സ്യബന്ധനം നടത്തുന്ന ആളാണെന്നും ഇയാൾ മൊഴി നൽകി.   

ഇത്രയും പണം..?

കവർച്ചാ വിവരം പുറത്ത് പറയാനും പറയാതിരിക്കാനും പറ്റാത്ത ധർമ്മ സങ്കടത്തിലായിരുന്നു ഖത്തർ കെ.എം.സി.സി ഭാരവാഹികൾ. സ്റ്റീൽ ലോക്കറിൽ വൻ തുക സൂക്ഷിച്ചിരുന്ന കാര്യം വളരെ ചുരുക്കം നേതാക്കൾക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. അതു കൊണ്ട് തന്നെ കവർച്ചാ കാര്യത്തിൽ മനസ്സറിവ് പോലുമില്ലാതിരുന്ന പല നേതാക്കളും സംശയത്തിന്റെ പുകച്ചുരുളിൽ അകപ്പെട്ടു. അതേസമയം നേതാക്കളാരുമറിയതെ ചില പ്രവർത്തകർ വിവരം ഖത്തർ പോലീസിലറിയിച്ചു. സംഘടനാ നേതൃത്വം ഇതോടെ വെട്ടിലായി. കാരണം നഷ്ടപ്പെട്ട തുകയുടെ യഥാർത്ഥ കണക്ക് പോലീസിനെ അറിയിച്ചാൽ അത് മറ്റൊരു വലിയ കുറ്റമാകും. അര നൂറ്റാണ്ട് കാലമായി ഖത്തറിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന കെ.എം.സി.സി ഏറ്റവും വരുമാനമുള്ള മുസ്ലിംലീഗിന്റെ ക്ഷേമ സംഘടനയാണിത്.

 44,000 അംഗങ്ങളും, 15 സബ്ബ് കമ്മിറ്റികളും ഉള്ള ഈ സംഘടനയ്ക്ക് മാസവരി ഇനത്തിൽ തന്നെ കോടികളാണ് വരുമാനം. ക്ഷേമനിധിയായും, മാസവരിയായും പിരിച്ചെടുത്തതാണെങ്കിലും  ഖത്തറിൽ പണപ്പിരിവ് നടത്തുന്നത് ജയിൽശിക്ഷ ലഭിയ്ക്കാവുന്ന കുറ്റമാണ്. ഇത് കൊണ്ടാണ് കെ.എം.സി.സി ഓഫീസിൽ തന്നെ പ്രത്യേക സൗകര്യമുണ്ടാക്കി ലോക്കറിൽ പണം സൂക്ഷിച്ചിരുന്നതും. എന്നാൽ കെ.എം.സി.സി യുടെ പ്രധാന വ്യക്തികൾക്ക് മാത്രമേ ഈ കാര്യമറിയൂ. പണം സൂക്ഷിക്കുന്ന ഇടത്തിന്റെ വിവരം എങ്ങനെ പുറത്തായി എന്നതാണ് ഭാരവാഹികളെ കുഴക്കിയ വിഷയം. 

പ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്ന്  സ്ഥലത്തെത്തിയ ഖത്തർ പോലീസ് സ്റ്റീൽ ലോക്കർ തകർക്കാൻ ഉപയോഗിച്ച ഗ്യാസ് കട്ടറും, ഒരു കമ്പിപ്പാരയും സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. തുടർന്ന് കെ.എം.സി.സി പ്രസിഡണ്ട് ഉൾപ്പെടെ മുന്നൂറോളം പേരെ അവർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഘട്ടം ഘട്ടമായി ചോദ്യം ചെയ്ത് ഇവരെയെല്ലാം പിന്നീട് വിട്ടയക്കുകയും ചെയ്തു. കവർച്ചാ സംഭവം ഖത്തർ കെ.എം.സി.സി യിൽ വൻ പൊട്ടിത്തെറിക്ക് കാരണമായെങ്കിലും, കവർച്ച സംബന്ധിച്ച വ്യക്തമായ തെളിവുകളൊന്നും തന്നെ ലഭ്യമായില്ല. അതേസമയം ശക്തമായ ചില സൂചനകൾ നേതൃത്വത്തിലെ ചിലർക്ക് കിട്ടിയിരുന്നു. കവർച്ചാ സംഭവത്തെ കൈകാര്യം ചെയ്ത രീതിയും, നഷ്ടപ്പെട്ട തുകയുടെ കൃത്യമായ കണക്ക് വ്യക്തമാക്കാത്തതും, കുറ്റവാളികളെ കണ്ടെത്തുന്നതിലുണ്ടായ ദുർബ്ബലമായ നീക്കങ്ങളിലും അംഗങ്ങൾക്കിടയിൽ വാഗ്വാദവും, ചേരിതിരിവും രൂക്ഷമാക്കി. 

സംഘടനയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന്റെ അറിവോടെയാണ് കവർച്ചയെന്ന വിമർശവും ശക്തമായി. ജി.സി.സി രാജ്യങ്ങളിലും, ലോകത്തിന്റെ മറ്റ് വിവിധ ഭാഗങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികളുടെ ജീവ കാരുണ്യ-സാംസ്‌കാരിക കൂട്ടായ്മയാണ് കെ.എം.സി.സി. അതുകൊണ്ട് തന്നെ ഖത്തറിലുണ്ടായ ഈ സംഭവം ഗൾഫ് മേഖലയിൽ വൻ ഞടുക്കമുണ്ടാക്കിയിട്ടുണ്ട്.

ഖത്തർ കെ.എം.സി.സി ആവിഷ്‌കരിക്കുന്ന 'സ്‌നേഹസുരക്ഷാ പദ്ധതി' യുടെ പ്രവർത്തനത്തിനായി സ്വരുക്കൂട്ടിയ തുക ഒന്നടങ്കം കവർച്ച ചെയ്യപ്പെട്ടു. സ്‌നേഹസുരക്ഷാ പദ്ധതിയിൽ ഉൾപ്പെട്ട അംഗങ്ങൾക്ക് അസുഖമോ, മരണമോ സംഭവിച്ചാൽ 50,000 രൂപ മുതൽ 10 ലക്ഷം രൂപ വരെ ലഭ്യമാകും. ഇതിനായി ഓരോ അംഗവും പ്രതിമാസം 20 റിയാൽ വീതം നൽകണം.  പ്രവാസം മതിയാക്കി നാട്ടിൽ പോയവർക്ക് 5 ലക്ഷം രൂപ വരെ ചികിത്സാ സഹായവും ലഭ്യമാകും. ഇതിന് പുറമെ, മറ്റ് നിരവധി ആനുകൂല്യങ്ങളും അംഗങ്ങൾക്കുണ്ട്. തുഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന സാധാരണക്കാർ തൊട്ട്, ഭേദപ്പെട്ട ശമ്പളം പറ്റുന്നവരും, ബിസിനസ്സുകാരുമെല്ലാം ഈ പദ്ധതിയിൽ അംഗങ്ങളാണ്. സഹായം ലഭ്യമാകാൻ സാങ്കേതികമായ തടസ്സങ്ങളൊന്നുമില്ല. അപേക്ഷ ലഭിച്ചാലുടൻ, നിയോഗിക്കപ്പെട്ട സംഘടനാ പ്രതിനിധികൾക്ക് കാര്യം ബോധ്യപ്പെടുക മാത്രമേ ആവശ്യമുള്ളൂ. പണം നേരിൽ ലഭിയ്ക്കും. ഇതിനെല്ലാം നാട്ടിലും കുറ്റമറ്റ സംവിധാനങ്ങൾ കെ.എം.സി.സി ക്കുണ്ട്. ഖത്തർ സർക്കാറിന്റെ നിരീക്ഷണത്തിൽ മഹത്തായ സേവനങ്ങൾ ചെയ്യുന്നത് കാരണം ഒട്ടേറെ ഇളവുകൾ ഖത്തർ അധികൃതരും കെ.എം.സി.സി ക്ക് നൽകി വരുന്നുണ്ട്. ഖത്തർ ഗവൺമെന്റിന്റെ 'നാഷണൽ ഡേ' ചടങ്ങുകളിൽ മുടക്കമില്ലാതെ ആദരവ് ഏറ്റ് വാങ്ങാറുമുള്ള ഏക ഇന്ത്യൻ സംഘടനയാണ് ഇവിടുത്തെ കെ.എം.സി.സി. 

ഓഡിയോ ക്ലിപ്പുകളുടെ പ്രളയം

ബാലകൃഷ്ണൻ കൊയിലാണ്ടി പോലീസിൽ കീഴടങ്ങിയതോടെ, കവർച്ചാ സംഭവത്തിൽ ദുരൂഹതകൾ അനുദിനം വർദ്ധിച്ച് വന്നു. പ്രവാസികളുടെ വിയർപ്പിൽ നിന്ന് സ്വരൂപിച്ച പണം തട്ടിയെടുക്കാൻ വിസ ഏർപ്പാടാക്കി, നാട്ടിൽ നിന്ന് കവർച്ചക്കാരെ റിക്രൂട്ട് നടത്തിയതിന് പിന്നിൽ ഖത്തറിലെ മലയാളിയായ വമ്പൻ സ്രാവാണെന്ന ശ്രുതി നേരത്തെ തന്നെ കെ.എം.സി.സി അംഗങ്ങൾക്കിടയിൽ ശക്തമായി പ്രചരിച്ചിരുന്നു. സംഘടനയുടെ പണം എവിടെയാണ് സൂക്ഷിക്കുന്നതെന്ന് കൃത്യമായി അറിയാവുന്ന പ്രമുഖനെയാണ് പലരും സംശയിച്ചിരുന്നത്. ഇക്കാര്യം പരസ്യമായി വെളിവാക്കിയ ഏതാനും പേരെ സംഘടനയിൽ നിന്ന് പുറത്താക്കുകയും ചെയ്തതോടെ പിന്നീടാരും ഈ ആരോപണവുമായി മുന്നോട്ട് പോയില്ല. 

അതേസമയം, കെ.എം.സി.സി ഖത്തർ ഘടകം വൈസ് പ്രസിഡണ്ട് തലശ്ശേരി സ്വദേശിയായ പി.കെ അബ്ദുൽ റഹീം കവർച്ച സംബന്ധിച്ച അന്വേഷണവുമായി ചില രഹസ്യ നീക്കങ്ങൾ നടത്തിയിരുന്നു. ഈ ചുവട് വെപ്പാണ് പ്രതികളിലേക്കെത്തി ചേർന്നതും. കൊയിലാണ്ടിയിലെത്തി ബാലകൃഷ്ണനെ തേടിപ്പിടിച്ച് അദ്ദേഹം കാര്യങ്ങളെല്ലാം വ്യക്തമായി മനസ്സിലാക്കി. ബാലകൃഷ്ണൻ ഏറ്റ് പറഞ്ഞ കാര്യങ്ങളത്രയും അദ്ദേഹം വീഡിയോവിൽ ചിത്രീകരിക്കുകയും ചെയ്തു. നാട്ടിലുള്ള കെ.എം.സി.സി. ഭാരവാഹികളുടെ മുന്നിൽ വെച്ചായിരുന്നു ബാലകൃഷ്ണൻ താനുൾപ്പെട്ട കുറ്റകൃത്യം ഏറ്റ് പറഞ്ഞത്. തീർത്തും നാടകീയമായി ബാലകൃഷ്ണൻ പോലീസിൽ സ്വയം കീഴടങ്ങിയതോടെയാണ് ഈ സംഭവത്തിന് പിന്നിലെ മാനങ്ങൾ പിന്നീട് വികാസം പ്രാപിച്ചതും.

ബോംബെ ഷാജി എന്ന് വിളിക്കുന്ന ഒന്നാം പ്രതിയുടെ ഓഡിയോ ക്ലിപ്പ് ആദ്യം പുറത്ത് വന്നു. ഇതോടെ കവർച്ച ചെയ്ത കോടികളുടെ കണക്കിലും അവ്യക്തതയേറി. ഷാജിയുടേതെന്ന് കരുതപ്പെടുന്ന ഓഡിയോയിൽ, കമറുവാണ് കവർച്ചയ്ക്കുള്ള ക്വട്ടേഷൻ നൽകിയെതെന്നാണ് സൂചന. 25 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടതായും വ്യക്തമാക്കുന്നുണ്ട്. അത് ലഭിക്കുന്നതിനായി താനും, ബാലകൃഷ്ണനും കഠിനമായി പരിശ്രമിച്ചതായും പറയുന്നുണ്ട്. അതേസമയം പോലീസിന്റെ എഫ്.ഐ.ആറിൽ പരാമർശിക്കുന്ന 8 കോടി രൂപയിൽ നിന്ന് വ്യത്യസ്തമാണ് ഈ തുക. ഇതോടെ യഥാർത്ഥത്തിൽ കവർച്ച നടത്തിയത് എത്രയാണെന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്. 

ഈ ഓഡിയോവിൽ  പരാമർശിക്കുന്ന 'കമറു, ഹസൈനാർ' എന്നിവരേയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിലാണ് പോലീസ്. പ്രതികൾ ഫോണിലൂടെ പരസ്പരം വില പേശുന്നതിന്റെ ശബ്ദസന്ദേശങ്ങളും പുറത്ത് വന്നിട്ടുണ്ട്. വ്യത്യസ്ത ആളുകളുടെ സംഭാഷണമുള്ള ഓഡിയോ ക്ലിപ്പുകളിലെല്ലാം, ഖത്തർ കെ.എം.സി.സി യുടെ കായിക വിഭാഗം കൺവീനർ 'റൊട്ടാന റസാക്ക്' എന്നയാൾക്കെതിരേയാണ് ആരോപണങ്ങളും, ആക്ഷേപങ്ങളും ഉന്നയിക്കുന്നത്. പുറത്ത് വന്ന ശബ്ദരേഖകളിലെല്ലാം തന്നെ ഇയാളെ പ്രതിപാദിക്കുന്നുമുണ്ട്. ഈ ഓഡിയോകളുടെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ബി.ജെ.പി ആരോപിക്കുന്നത്

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി നഗരസഭയിലെ മൂന്നാം വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച പരപ്പിൽ ബാലകൃഷ്ണൻ എന്ന പ്രാദേശിക നേതാവ് ഈ കവർച്ചയിൽ ഉൾപ്പെട്ടതോടെ, ബി.ജെ.പി, സി.പി.എം ഉൾപ്പെടെയുള്ള കക്ഷികൾ ആരോപണങ്ങളുമായി രംഗത്തുണ്ട്. പണം വെളുപ്പിക്കലോ, രാജ്യവിരുദ്ധ ഇടപാടുകളോ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ കേന്ദ്ര ഏജൻസികൾ ഈ കേസ്സ് അന്വേഷിക്കണം എന്നും, കെ.എം.സി.സി യുടെ ഏതെല്ലാം നേതാക്കൾക്ക് ഇതിൽ പങ്കുണ്ടെന്ന് പുറത്തുകൊണ്ട് വരണമെന്നുമാണ് ബി.ജെ.പി യുടെ ആവശ്യം. കവർച്ച നടന്ന് ഒരു വർഷത്തോളം പരാതി നൽകാതെ ഒളിപ്പിച്ച് വെച്ചതിൽ ദുരൂഹതയുണ്ടെന്നും അവർ ആരോപിക്കുന്നു. സോഷ്യൽ മീഡിയായിലൂടെ ബി.ജെ.പി പ്രതിയെ ട്രോളിയും തെറിവിളിച്ചും ഒട്ടേറെ പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

കെ.എം.സി.സി ഓഫീസിൽ  ഒരു ബി.ജെ.പി ക്കാരൻ നടത്തിയ കവർച്ച മാത്രമായി ഇത് ലഘൂകരിച്ച്, ഇതിന് പിന്നിലുള്ള വമ്പൻമാർ രക്ഷപ്പെടാനാണ് ശ്രമം നടത്തുന്നതെന്നും, ബാലകൃഷ്ണൻ ആർക്കോ വേണ്ടി കീഴടങ്ങിയതാണെന്നും, അയാളിലൂടെ പുകമറ സൃഷ്ടിച്ച് യഥാർത്ഥ പ്രതികൾ രക്ഷപ്പെടാൻ പഴുതുണ്ടാക്കുകയാണെന്നും കെ.എം.സി.സി യിലെ ചില പ്രവർത്തകർ തന്നെ ആരോപിക്കുന്നുണ്ട്. നാട്ടിൽ നിന്ന് ചുരുങ്ങിയ ദിവസത്തേക്ക് ഖത്തറിൽ എത്തുന്ന ഒരാൾക്കോ, ഒരു സംഘത്തിനോ കവർച്ച നടത്താൻ പാകത്തിലല്ല കെ.എം.സി.സി ഓഫീസിന്റെ ക്രമീകരണം. 

കെ.എം.സി.സി യുമായി അത്രമാത്രം ബന്ധമുള്ളവരുടെ സഹായമില്ലാതെ, വർഷങ്ങളോളമായി ഭീമൻതുക സൂക്ഷിക്കുന്ന ഓഫീസിൽ കേറി അത്രയെളുപ്പം ഒരു കവർച്ച നടത്താൻ സാധിക്കില്ലെന്ന് ഏതൊരാൾക്കുമറിയാം. ഈ വിഷയത്തിൽ ഒരു ബി.ജെ.പി ക്കാരൻ അറസ്റ്റിലായതോടെ, അയാളുടെ രാഷ്ട്രീയ പശ്ചാത്തലം ഉയർത്തിക്കാട്ടി യഥാർത്ഥ വസ്തുതയിൽ നിന്ന് സമൂഹത്തിന്റെ ശ്രദ്ധ തിരിച്ച് വിട്ട് യഥാർത്ഥ പ്രതികൾക്ക് രക്ഷപ്പെടാനാണ് കളമൊരുങ്ങുന്നത്. അതിനെതിരെ ശക്തമായി തന്നെ ചെറുക്കുമെന്നും കെ.എം.സി.സി പ്രവർത്തകർ സോഷ്യൽ മീഡിയായിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ആർക്ക് വേണ്ടി?

കെ.എം.സി.സി ഓഫീസിൽ അതിക്രമച്ച് കേറി സ്‌ട്രോംഗ് റൂമിലെ ലോക്കർ ഗ്യാസ് കട്ടർ കൊണ്ട് തകർത്ത് കവർച്ച നടത്തണമെങ്കിൽ, കെ.എം. സി.സി യുടെ തണലിൽ നിൽക്കുന്ന ആരുടേയെങ്കിലും സഹായമില്ലാതെ അത് നടക്കില്ലന്ന് കെ.എം.സി.സി ഭാരവാഹികൾക്ക് ഉറപ്പായിരുന്നു. പക്ഷേ അതാര് എന്നായിരുന്നു പലരുടേയും ചോദ്യം. കവർച്ച നടത്തിയ പ്രതികൾ നാട്ടിലേക്ക് മുങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി. ഖത്തറിലെ അന്വേഷണം തുടങ്ങിയിടത്ത് തന്നെ നിശ്ചലമാവുകയും ചെയ്തു. ഇതേ തുടർന്നായിരുന്നു ചില ഭാരവാഹികൾ രഹസ്യമായി അന്വേഷണം നടത്തിയതും, കവർച്ചയുടെ രൂപരേഖ ഏതാണ്ട് വ്യക്തമായതും. പിന്നീട് ബാലകൃഷ്ണനെ കണ്ടെത്തിയതോടെ പോലീസിൽ പരാതിയും നൽകി. ഖത്തർ കെ.എം.സി.സി ഓഫീസിൽ സൂക്ഷിച്ചിരുന്ന 31 ലക്ഷം ഖത്തർ റിയാൽ (ഏകദേശം 8 കോടി രൂപ) കവർച്ച ചെയ്യപ്പെട്ടു എന്നായിരുന്നു, കെ.എം.സി.സി ഖത്തർ ഘടകം വൈസ് പ്രസിഡണ്ട് പി.കെ അബ്ദുൽ റഹീം കൊയിലാണ്ടി പോലീസിൽ നൽകിയ പരാതി. പ്രതിപ്പട്ടികയിലുള്ളവർ ചിലർ കൊയിലാണ്ടി സ്വദേശികളാണ്. കവർച്ച നടത്താൻ ഖത്തറിൽ സഹായം നൽകിയതായി സംശയിക്കുന്ന മറ്റ് രണ്ട് പേരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

പാർട്ടിയിൽ നിന്ന് പുറത്ത് 

ഖത്തറിലെ സംഭവത്തിൽ മുസ്ലിംലീഗ് പ്രവർത്തകർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ മാതൃകാപരമായ നടപടി സ്വീകരിക്കും. കുറ്റകൃത്യങ്ങൾ കണ്ടെത്തി നടപടി എടുക്കേണ്ടത് പോലീസും, ജുഡീഷ്യറിയുമാണ്. നിയമപരമായി അന്വേഷണം പുരോഗമിക്കുകയാണ്. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തിൽ കെ.എം.സി.സി ക്കാരിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാൽ അവരെ പാർട്ടിയി#ൊൽനിന്ന് പുറത്താക്കുക മാത്രമല്ല, മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിന് മുസ്ലിംലീഗ് മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എം.സി.സി പ്രവർത്തകർ ഉൾപ്പടെ പലരും ഖത്തർ കവർച്ചക്കെതിരെ ശക്തമായി പ്രതികരിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ, കേരളത്തിലും, ഖത്തറിലുമായി പ്രവർത്തിക്കുന്ന പല വ്യവസായ സ്ഥാപനങ്ങളുടെ ഉടമയും, കെ.എം.സി.സി യിൽ നല്ല സ്വാധീനവും, സംഘടനയുടെ സ്‌പോർട്‌സ് വിഭാഗം കൺവീനറുമായ 'റൊട്ടാന റസാക്കി'നെതിരെ ആരോപണം ശക്തമായതോടെ, മുസ്ലിംലീഗ്,  കെ.എം.സി.സി അടക്കമുള്ള എല്ലാ ലീഗ് പോഷക സംഘടനകളിൽ നിന്നും പുറത്താക്കി. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. ഖത്തർ കവർച്ചയിൽ ആദ്യം പോലീസിൽ കീഴടങ്ങിയ ബാലകൃഷ്ണന്റെ മൊഴിയിലും, പിന്നീട് തുടർച്ചയായി പുറത്ത് വന്ന ശബ്ദ സന്ദേശങ്ങളിലുമെല്ലാം ഇയാളുടെ പേര് പരാമർശിച്ചിരുന്നു.  

എല്ലാവരും മാന്യൻമാർ

'ഞങ്ങൾ കക്കാറുണ്ട്. പക്ഷേ നല്ലതേ കക്കൂ. എനിക്കെന്റെ പൈസ കിട്ടണം'. കവർച്ചയുമായി ബന്ധപ്പെട്ട് ഷാജിയും, കമറുവും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ  പറയുന്നത് ഇപ്രകാരമാണ്. കവർച്ച നടത്തിയ പണം പങ്കുവയ്ക്കുന്ന തർക്കമാണ് ഈ സംഭാഷണത്തിൽ മുഴുക്കെയുള്ളത്
 ഷാജി രോഷത്തോടെ തുടരുന്നു. 'ഇതിപ്പോ നാട്ടിൽ എനിക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഖത്തറിലെ ബിസിനസ്സുകാരന് വേണ്ടിയാണ് ഈ കാര്യങ്ങൾ ഭംഗിയായി ചെയ്‌തെങ്കിലും, അയാൾ വാഗ്ദാനം ചെയ്ത തുക നൽകാതെ വാക്ക് മാറിയതായി ശബ്ദരേഖയിൽ വ്യക്തമാക്കുന്നുണ്ട്. 'നിങ്ങൾ റോങ്ങാണെങ്കിൽ, ഞാൻ നല്ല റോങ്ങാണ്. സഹകരിച്ചില്ലെങ്കിൽ, റസ്സാക്കിനെ കുടുക്കുമെന്നും' ഹസൈനാർ എന്ന ആളോട് ഷാജി താക്കീതായി പറയുന്നുണ്ട്.

 കവർച്ചയിലെ പങ്കാളി റസ്സാക്കിന്റെ സഹോദരനാണ് ഹസൈനാരെന്ന് ഈ സംഭാഷണത്തിലൂടെ വ്യക്തമാകുന്നുണ്ട്. ഈ ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കേസ്സിലുൾപ്പെട്ടവരെല്ലാം തന്നെ സ്വന്തം മാന്യത വെളിവാക്കുന്നത് ശബ്ദസന്ദേശങ്ങളിലൂടേയാണ്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട റൊട്ടാന റസ്സാക്കിന്റെ ശബ്ദ സന്ദേശവും പിന്നീട് പുറത്ത് വന്നു. കെ.എം.സി.സി ഓഫീസിലെ കവർച്ചയിൽ തനിക്ക് ഒരു അറിവുമില്ലെന്നും, ആരോപണങ്ങൾ അടിസ്ഥാന രഹിതവു മാണെന്നുമാണ് റൊട്ടാന റസാക്ക് വിശദീകരിക്കുന്നത്. തനിക്ക് നാട്ടിൽ ജീവിക്കാൻ നല്ല ചുറ്റുപാടുണ്ട്. കവർച്ചപ്പണത്തിന്റെ ആവശ്യം തനിക്കില്ലെന്നും, ആവശ്യത്തിന് സമ്പാദ്യമുള്ള താനെന്തിന് ഈ കളവിന് കൂട്ട് നിൽക്കണമെന്നും റൊട്ടാന റസ്സാക്ക് ശബ്ദസന്ദേശത്തിലൂടെ വിശദീകരിക്കുന്നത്. തീർത്തും മാന്യമായ പ്രതികരണം. എല്ലാവരും അത്യന്തം മാന്യൻമാർ.

പ്രമാദമായ ഈ കവർച്ചാ കേസ്സിൽ ബാലകൃഷ്ണൻ ഒഴികെ, മറ്റ് പ്രതികളെല്ലാം ഒളിവിലാണ്. ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കുമെന്നാണ് അറിയുന്നത്. കവർച്ചയുടെ യഥാർത്ഥ ആസൂത്രകൻ ആരാണ്. കവർന്ന തുക എത്രയാണ്. കേസ്സിൽ ഓരോ പ്രതിക്കുമുള്ള പങ്ക് എത്രത്തോളമാണ്. പണം പങ്കിട്ടത് എപ്രകാരം എന്നിവയിലെല്ലാം വ്യക്തത വരണമെങ്കിൽ ഒളിവിലുള്ള പ്രതികളെ പിടികൂടണം. ഇവർക്കായി അന്വേഷണം തുടരുന്നുമുണ്ട്. അതോടൊപ്പം പുറത്ത് വന്നിട്ടുള്ള എല്ലാ ശബ്ദസന്ദേശങ്ങളുടേയും ആധികാരികത ശാസ്ത്രീയമായി പരിശോധിച്ച് വരികയാണ്. മോഷണ മുതൽ പങ്കിടുന്നതിലുണ്ടായ അഭിപ്രായ ഭിന്നതയും, വാഗ്ദാനം പാലിക്കാത്തതുമാണ് വൻ കവർച്ചാ വിവരം പുറത്തറിയാൻ ഇടയായത്. കേസ്സിലെ പരാതിക്കാരൻ പി.കെ അബ്ദുൽ റഹീം വിശ്രമമില്ലാതെ ഇതിന് പിറകിൽ തന്നെയാണ്.

മുസ്ലിംലീഗുമായി ബന്ധപ്പെട്ട ക്ഷേമസംഘടനയാണ് 'കേരളാ മുസ്ലിം കൾച്ചറൽ സെന്റർ' അഥവാ കെ.എം.സി.സി. ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനയാണെങ്കിലും, കെ.എം.സി.സി യുടെ ഫണ്ട് തിരിമറി നടത്തി ചില നേതാക്കൾ വൻ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾക്ക് കൈമാറിയത് സംബന്ധിച്ച ആക്ഷേപം നേരത്തെ ഉയർന്നിരുന്നുവെങ്കിലും, മലയാളികൾ മാത്രം നടത്തിയ ഇത്രയും വലിയ കവർച്ച ഗൾഫ് മേഖലയിൽ ആദ്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img